National
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. റോയ്യുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇന്ന് ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് റിപ്പോർട്ടുകൾ. റോയ് ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
National
ബംഗളൂരു: ഒരുവശത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോൾ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലും സി.ജെ. റോയ് സജീവമായിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. ഒരു രൂപപോലും കടമില്ലാതെയാണു തന്റെ ബിസിനസ് മുന്നോട്ടുപോകുന്നതെന്ന് അഭിമുഖങ്ങളിലെല്ലാം അഭിമാനത്തോടെ അദ്ദേഹം പറയുമായിരുന്നു.
പ്രമുഖ ചാനലുകളുടെ റിയാലിറ്റി ഷോകളുടെയും സംഗീതമത്സരങ്ങളുടെയും മുഖ്യസ്പോൺസറായി നിരവധി പേർക്കാണ് അദ്ദേഹം പുതുജീവിതം നൽകിയത്.
ആത്മവിശ്വാസത്തോടെ കർമമേഖലയിൽ കുതിച്ചുയരവേ അദ്ദേഹത്തിനുണ്ടായ അപ്രതീക്ഷിത ദുരന്തം വ്യവസായ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. റോയ്യുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽനിന്ന് റിയൽ എസ്റ്റേറ്റ് മേഖല ഇനിയും മുക്തമായിട്ടില്ല.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണു റോയ്യുടെ കുടുംബം ഉന്നയിച്ചത്. ഐടി ഉദ്യോഗസ്ഥർ ഡിസംബറിൽ രണ്ടു തവണ ഓഫിസ് സന്ദർശിച്ചിരുന്നു. റെയ്ഡുകൾക്കിടെ റോയ് രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ വീണ്ടുമെത്തി. ഡിസംബർ അവസാനവാരം റെയ്ഡിനായി എത്തുമെന്ന് റോയ്യിയെ മുന്‍പ് അറിയിച്ചിരുന്നതായും അദ്ദേഹം അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. റെയ്ഡുകളെത്തുടർന്ന് താൻ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസികസമ്മർദവും അദ്ദേഹം പങ്കുവച്ചിരുന്നതായി റോയ്യുമായി അടുപ്പമുള്ളവർ ചൂണ്ടിക്കാട്ടി.
►► വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയ്യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർട്ടം നടത്തിയ ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ. അരവിന്ദ് പറഞ്ഞു.
നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണു വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാന്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.
►► മുറിയിലേക്കു പോയത് അമ്മയെ വിളിക്കാൻ
റിച്ച്മണ്ട് സർക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ അമ്മയെ ഫോണിൽ വിളിക്കാൻ അനുവാദം ചോദിച്ചാണു റോയി തന്റെ കാബിനിലേക്കു പോയത്. എന്നാൽ ആ വിളി ഒരു വിടവാങ്ങലായിരിക്കുമെന്ന് ആരും കരുതിയില്ല. സ്വന്തം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കിയപ്പോൾ സൈലൻസർ ഘടിപ്പിച്ചിരുന്നതിനാൽ ആ വെടിയൊച്ചപോലും പുറത്താരും കേട്ടില്ല. 15 മിനിറ്റുകൾക്കുശേഷം ജീവനക്കാർ മുറിയിലെ കസേരയിൽ രക്തത്തിൽ കുളിച്ച് മരിച്ചിരിക്കുന്ന റോയ്യെയാണ് കണ്ടത്.
അശോക് നഗർ പോലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് സമർപ്പിച്ച പരാതിയിലാണു സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുള്ളത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മൊഴി നൽകാനായി റോയ് ഓഫീസിലെത്തിയതെന്നും കൂടെ താനുമുണ്ടായിരുന്നുവെന്നും ജോസഫ് പറഞ്ഞു. പിന്നാലെ തന്റെ കാബിനിലേക്കു പോയ റോയ് അമ്മയോടു സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.എന്നാൽ പുറത്തേക്കിറങ്ങിയ താൻ തിരികെ എത്തിയപ്പോൾ കാബിനിലേക്കു കയറാൻ സെക്യൂരിറ്റി സമ്മതിച്ചില്ല.
ആരേയും കാബിനിലേക്കു കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. പത്തു മിനിറ്റിനുശേഷം താൻ കാബിനു മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽനിന്നു ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ രക്തവുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയ്. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെക്കുകയായിരുന്നുവെന്നും ജോസഫിന്റെ പരാതിയിൽ പറയുന്നു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ സി.ജെ. ബാബു.
ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നു. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നു.
മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നു. നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് ഏഴിന് കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും– സി.ജെ.ബാബു പറഞ്ഞു.
അതേസമയം, ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.
Kerala
ബംഗളൂരു: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനായിരുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ഇന്ത്യൻ വ്യവസായ ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങളായി കെട്ടിട നിർമാണ രംഗത്തും റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്ന പേരാണ് സി.ജെ.റോയ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ വ്യവസായങ്ങളിൽ ഭൂരിഭാഗമെങ്കിലും ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും കോൺഫിഡന്റ് ഗ്രൂപ്പ് സജീവമായി രംഗത്തുണ്ടായിരുന്നു. വർഷങ്ങളായി ഫ്ലാറ്റ് നിർമാണ രംഗത്ത് പ്രവർത്തിച്ച് ആളുകളുടെ വിശ്വാസവും കോൺഫിഡന്റ് ഗ്രൂപ്പ് ആർജിച്ചിരുന്നു.
റോയിയുടെ മരണത്തിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം രീതികൾക്കെതിരേയും വ്യവസായ ലോകത്ത് അതൃപ്തിയുണ്ട്. എങ്കിലും പരസ്യ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
എറണാകുളം സ്വദേശിയായ റോയിയുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കേരളത്തിലായിരുന്നു. പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. എന്റർടെയിൻമെന്റ് മേഖലയിലും സജീവമായിരുന്ന അദ്ദേഹം സിനിമ മേഖലയിലെ പ്രമുഖരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിൽ കാലങ്ങളായി കേന്ദ്ര ഏജൻസികൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും കൂടുതൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. പിന്നാലെയാണ് അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചത്.
National
ബംഗളൂരു: ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയി (56) ജീവനൊടുക്കി. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഐടി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം കൊച്ചി സ്വദേശിയാണ്.
കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി.ജെ.റോയ്. ഇഡി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)